ആരോഗ്യകരമായ നടത്തത്തിന് ധാരാളം ഗുണങ്ങളുണ്ട്. നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന ലളിതമായ വ്യായാമമാണ് നടത്തം. നടത്തം നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നമ്മളില്‍ ചിലര്‍ ഒരു ദിവസം ഏതാനും മിനിറ്റുകളോ ചിലപ്പോള്‍ കിലോമീറ്ററുകള്‍ വരെയോ നടക്കാറുണ്ട്. എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ വേണ്ടി ഒരു മനുഷ്യന്‍ എത്ര ദൂരം നടക്കണം എന്നുള്ളതിനെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ആരോഗ്യകരമായ ഒരു വ്യക്തിക്ക് ആവശ്യമുള്ള നടത്തവും വണ്ണം കുറയ്ക്കുന്നതിന് ഒരു വ്യക്തിക്ക് ആവശ്യമുള്ള നടത്തവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു വ്യക്തിക്ക് ആരോഗ്യകരമായ ജീവിതം നയിച്ചു പോകാന്‍ ഒരു ദിവസം 30 മിനിറ്റ് നടന്നിരിക്കണം. സ്ഥിരമായ നടത്തം വഴി ആരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് തടയാനും കഴിയുന്നു.
ഷുഗര്‍, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളുടെ പിടിയില്‍ വീഴാതിരിക്കാനും നടത്തം നമ്മളെ സഹായിക്കുന്നു. നടക്കാന്‍ തുടങ്ങുമ്പോള്‍ വളരെ കുറച്ച് സമയം വെച്ച് തുടങ്ങുക. ദിവസങ്ങള്‍ കൂടി വരുംതോറും സമയം കൂട്ടിക്കൂട്ടി വേണം കൊണ്ടുവരാന്‍. ഒറ്റയടിക്ക് 30 മിനിറ്റ് അല്ലെങ്കില്‍ അതില്‍ കൂടുതലോ നടക്കുകയാണെങ്കില്‍ കാലുകള്‍ക്കും നടുവിനും വേദന അനുഭവപ്പെട്ടേക്കാം. 30 മിനിറ്റില്‍ കൂടുതലാണ് ഒരാള്‍ നടക്കുന്നത് എങ്കില്‍ ഇടയ്ക്കിടെ ചെറിയ ചെറിയ ഇടവേളകള്‍ എടുക്കുന്നതും നന്നായിരിക്കും. പരമാവധി ഒരാഴ്ചയില്‍ 300 മിനിറ്റ് അതായത് 5 മണിക്കൂര്‍ സജീവമായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
ശരീരഭാരം കുറയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി നിങ്ങള്‍ നടക്കുകയാണെന്നുണ്ടെങ്കില്‍ ഒരു ട്രെയിനറെ സമീപിച്ച് പരിശീലനം നേടാവുന്നതാണ്. നടക്കുന്നത് ആരോഗ്യത്തിന് വേണ്ടി മാത്രമല്ല പകരം മികച്ച മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും ഉത്കണ്ഠയും വിഷാദവും ഒക്കെ ജീവിതത്തില്‍ നിന്ന് അകറ്റുന്നതിനും കൂടി വേണ്ടിയാണ്. പ്രകൃതിയിള്‍ ഇറങ്ങിയുളള നടത്തം പ്രകൃതിയുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിനും സഹായിക്കുന്നു.