കുറ്റകൃത്യങ്ങളിൽ മലപ്പുറം ജില്ലയുടെ കണക്കുകൾ പുറത്ത്; കേരളത്തിൽ നാലാം സ്ഥാനത്ത്

CHIEF MINISTER PINARAYI VIJAYAN

കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്

കൊച്ചി: മലപ്പുറവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ കണക്കിൽ മലപ്പുറം ജില്ല നാലാം സ്ഥാനത്താണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷത്തിൽ ഓഗസ്റ്റ് 31 വരെ 32,651 എഫ്‌ഐആറുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.


കുറ്റകൃത്യങ്ങളുടെ നിരക്കിൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. എറണാകുളവും കൊല്ലവുമാണ് തൊട്ടു പിന്നിലുള്ളത്. തിരുവനന്തപുരത്ത് 50,627 എഫ്‌ഐആർ ഈ വർഷം ഓഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളത്ത് 45,211 എഫ്‌ഐആറുകളും, കൊല്ലത്ത് 35,211 എഫ്‌ഐആറുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് 14 റവന്യൂ ജില്ലകളാണുള്ളത്. എന്നാൽ 20 പൊലീസ് ജില്ലകളുണ്ട്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഒന്നിലേറെ പൊലീസ് ജില്ലകളുണ്ട്. പൊലീസ് ജില്ലകളുടെ അടിസ്ഥാനത്തിലുള്ള കണക്കു പ്രകാരം ഈ കാലയളവിൽ ഏറ്റവും കൂടുതൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത് മലപ്പുറത്താണ്. തൊട്ടുപിന്നിൽ കോട്ടയം ( 28,091), തിരുവനന്തപുരം റൂറൽ (27,711), ആലപ്പുഴ (27,631), എറണാകുളം റൂറൽ (26,977), പാലക്കാട്(22,300) എന്നിങ്ങനെയാണ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മലപ്പുറത്തെ പൊലീസ് കണക്കുകൾ ജില്ലയിലെ 37 പൊലീസ് സ്റ്റേഷനുകളെ കൂടാതെ, വനിതാ, കോസ്റ്റൽ, സൈബർ പൊലീസ് സ്റ്റേഷനുകളെ കൂടി കണക്കിലെടുത്താണ്. 2022 മുതൽ സംസ്ഥാനത്ത് പൊലീസ് 147.79 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിൽ 124.47 കിലോഗ്രാം സ്വർണം മലപ്പുറം ജില്ലയിൽ നിന്നാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 122.5 കോടി രൂപയുടെ ഹവാല പണമാണ് പിടികൂടിയത്, ഇതിൽ 87.22 കോടി രൂപ മലപ്പുറത്ത് നിന്ന് കണ്ടുകെട്ടി. 2023 ജനുവരി മുതൽ 2024 മെയ് വരെ മലപ്പുറം ജില്ലയിൽ 5,906 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 5,120 കേസുകൾ മയക്കുമരുന്ന് ഉപയോഗത്തിനും 786 കേസുകൾ മയക്കുമരുന്ന് കച്ചവടത്തിനുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


NB: ഈ വാർത്ത പൂർണ്ണമായും സമകാലിക മലയാളത്തിന്റെതാണ്. തലക്കെട്ടല്ലാതെ വേറെ യാതൊരു മാറ്റവും ഞങ്ങൾ വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *