പുറമെ നിന്ന് നോക്കുമ്പോൾ സാധാരണനിലയിലാണെങ്കിലും ബംഗ്ലാദേശിന് സമാനമായി കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സൽമാൻ ഖുർഷിദ് പറഞ്ഞത്.
ന്യൂഡൽഹി : ബംഗ്ലാദേശിന് സമാനമായി ഇന്ത്യയിലും സർക്കാരിനെതിരേ പ്രതിഷേധ സമരങ്ങൾ നടന്നേക്കാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി ബിജെപി രംഗത്ത്. ഖുർഷിദിനെതിരേ നടപടി സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ചോദിച്ചു. കോൺഗ്രസ് പാർട്ടി അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തിന് തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘‘മോദിയോടുള്ള വെറുപ്പിന്റെ പേരിൽ അവർ ഭാരതത്തെ വെറുക്കുന്നു. സൽമാൻ ഖുർഷിദ് അല്ലെങ്കിൽ കോൺഗ്രസ് പാർട്ടി സമാന്തരമായി നിലനിൽക്കുകയും ഭാരതത്തിൽ ബംഗ്ലാദേശിന് സമാനമായി അക്രമം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടോ? ഭാരതത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടോ? അദ്ദേഹം ആർക്കാണ് സൂചന നൽകുന്നത്? ജിഹാദിന് വോട്ടു ചെയ്യൂ എന്ന് അദ്ദേഹത്തിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ആക്രമത്തിനും പ്രേരിപ്പിക്കുന്നു. ഇത് ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ തുരങ്കം വയ്ക്കുന്നതല്ലേ? ഇതാദ്യമല്ല അവർ രാഷ്ട്രനീതിക്ക് മുകളിൽ രാജനീതിയെ വയ്ക്കുന്നത്. കോൺഗ്രസ് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാൻ തയ്യാറാകുമോ?,’’ സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പൂനവാലചോദിച്ചു.
പുറമെ നിന്ന് നോക്കുമ്പോൾ സാധാരണനിലയിലാണെങ്കിലും ബംഗ്ലാദേശിന് സമാനമായി കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് സൽമാൻ ഖുർഷിദ് പറഞ്ഞത്.
‘‘കശ്മീരിൽ എല്ലാം സാധാരണനിലയിലാണെന്ന് തോന്നാം. ഇവിടെയും എല്ലാം സാധാരണനിലയിലാണെന്ന് തോന്നാം. 2024-ലെ വിജയം ആഘോഷിക്കുന്നുണ്ടെങ്കിലും വിജയം നാമമാത്രമാണെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ, ഉപരിതലത്തിനടിയിൽ എന്തോ സംഭവിക്കുന്നുണ്ടെന്നതാണ് വസ്തുത. ബംഗ്ലാദേശിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കാൻ സാധ്യതയുണ്ട്,’’ ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ ഖുർഷിദ് പറഞ്ഞു.
അതേസമയം, സൽമാൻ ഖുർഷിദിനെ പരാമർശത്തിൽ പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല. ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു.