കേരള പൊലീസിനോടു വിലപേശിയ ഹാക്കർ റുമേനിയയില്‍; മാസങ്ങള്‍ നീണ്ട അന്വേഷണം

തിരുവനന്തപുരം : കേരള പൊലീസിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചത് റുമേനിയക്കാരനായ യുവാവാണെന്ന് ഒടുവിൽ കണ്ടെത്തി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ബുച്ചാറെസ്റ്റിൽ താമസിക്കുന്ന ഇരുപതുകാരനാണ് ഹാക്കിങ് ശ്രമം നടത്തി കേരളാ പൊലീസിനോടു വില പേശിയതെന്നു കണ്ടെത്തിയത്. കഴിഞ്ഞ വർഷം നവംബറിലാണ് കേരളാ പൊലീസ് വിവരശേഖരണത്തിനും വിതരണത്തിനുമായി ഉപയോഗിക്കുന്ന ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസിന് (സിസിടിഎൻഎസ്) നേരെ ഹാക്കിങ് ശ്രമം നടന്നത്.
പൊലീസിന്റെ ഡേറ്റാ സ്‌റ്റോറേജ് സംവിധാനത്തിന്റെ നട്ടെല്ലായ സിസിടിഎൻഎസിൽ കടന്നുകയറിയെന്നും വിവരങ്ങൾ ചോർത്തിയെന്നുമാണ് യുവാവ് അവകാശപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടുമെന്നും അറിയിച്ചു. തെളിവായി തിരൂർ സ്‌റ്റേഷനിൽനിന്ന് ചോർത്തിയെന്ന് അവകാശപ്പെട്ടതുൾപ്പെടെ മൂന്നു രേഖകൾ നൽകി. എന്നാൽ ഈ രേഖകൾ രഹസ്യമായവ അല്ലെന്നും പൊതു പ്ലാറ്റ്‌ഫോമിൽ ലഭ്യമായവ ആണെന്നും അന്വേഷണത്തിൽ വ്യക്തമായതോടെ ഹാക്കറുടെ അവകാശവാദം പൊളിഞ്ഞു.

തുടർന്ന് സൈബർ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയാരാണെന്നു കണ്ടെത്തിയത്. ഇയാളുടെ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച് ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് രാജ്യാന്തര ഏജൻസികളുടെ സഹായത്തോടെ പ്രതിയെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. പണം നേടാൻ വേണ്ടി യുവാവ് ഒറ്റയ്ക്കാണ് ഹാക്കിങ് ശ്രമം നടത്തിയതെന്നാണു പ്രാഥമിക വിലയിരുത്തൽ. സംഭവത്തിനു ശേഷം സിസിടിഎൻഎസ് സംവിധാനത്തിനു ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Note:
ഈ വാർത്ത മനോരമ ഓൺലൈൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. തലക്കെട്ടല്ലാതെ മറ്റൊരു മാറ്റവും ഞങ്ങൾ വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *