പാരീസ് ഒളിമ്പിക്സിലെ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. എക്സിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് താരം അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. 50 കിലോഗ്രാം വനിതാ ഗുസ്തിയിൽ 100 ഗ്രാം അധിക ഭാരമുള്ളതിനാൽ സ്വർണമെഡൽ തേടിയുള്ള മത്സരത്തിൽ നിന്ന് വിനേഷിനെ അയോഗ്യയാക്കിയിരുന്നു.
വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദിയിലാണ് താരം X-ൽ പോസ്റ്റ് പങ്കിട്ടത്. ” അമ്മ ഗുസ്തി എനിക്കെതിരെ വിജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നവും എൻ്റെ ധൈര്യവും തകർന്നു, എനിക്ക് ഇപ്പോൾ കൂടുതൽ ശക്തിയില്ല. ഗുഡ്‌ബൈ 2001-2024,” വിനേഷ് പോസ്റ്റിൽ കുറിച്ചു.
സെമി ഫൈനലിൽ എതിരാളിക്കെതിരെ 5-0 എന്ന സ്‌കോറിന് വിജയിച്ച വിനേഷ് ഒളിമ്പിക്‌സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായിരുന്നു. എന്നാൽ വെറും 100 ഗ്രാം അമിതഭാരമുള്ളതിനാൽ അവസാന മത്സരത്തിൽ നിന്ന് വിനേഷിനെ അധികൃതർ അയോഗ്യയാക്കി.
ഇതോടെ കഴിഞ്ഞ ദിവസം വിനേഷ് കോർട്ട് ഓഫ് അബ്രിട്രേഷൻ ഫോർ സ്പോർട്സിൽ (CAS) അപ്പീൽ നൽകി. തനിക്ക് വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കായിക തർക്ക കോടതിയെ താരം സമീപിച്ചത്. ഇതിൽ ഈ അപ്പീലിൽ ഇന്ന് വിധി വരാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച പ്രഖ്യാപനം താരം നടത്തിയത്. വിധി അനുകൂലമെങ്കിൽ വിനേഷ് വെള്ളി മെഡൽ പങ്കിടും.