ധാക്ക ∙ നൊബേൽ സമ്മാനജേതാവായ മുഹമ്മദ് യൂനുസിന്റെ (84) നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലദേശിൽ അധികാരമേറ്റു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യവാചകം ചൊല്ലികൊടുത്തു. ഇടക്കാല സർക്കാരിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർഥി, സൈനിക പ്രതിനിധികളുമാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് നഹിദ് ഇസ്ലാമും ആസിഫ് മുഹമ്മദും ഇടക്കാല സർക്കാരിൽ ഇടം നേടിയിട്ടുണ്ട്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്. യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ബംഗ്ലദേശ് വളരെപ്പെട്ടെന്ന് സാധാരണനിലയിലെത്തുമെന്നും ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി മോദി എക്സിൽ പറഞ്ഞു.
സർക്കാരിനെതിരെയുള്ള പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന രാജിവച്ചതിനെ തുടർന്നാണ് ഇടക്കാല സർക്കാർ അധികാരമേറ്റത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. 17 വർഷത്തിനുശേഷമാണ് ബംഗ്ലദേശിൽ ഇടക്കാല സർക്കാർ അധികാരമേൽക്കുന്നത്.
തൊഴിൽനിയമം ലംഘിച്ചെന്ന കേസിൽ മുഹമ്മദ് യൂനുസിനെതിരായ ശിക്ഷാവിധി ബംഗ്ലദേശ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 6 മാസം തടവിനു കഴിഞ്ഞ ജനുവരിയിലാണു യൂനുസിനെ ശിക്ഷിച്ചത്. ഇടക്കാല സർക്കാരിന്റെ തലപ്പത്തേക്ക് വിദ്യാർഥി സംഘടനകൾ മുന്നോട്ടുവച്ചത് സാമ്പത്തികവിദഗ്ധനായ മുഹമ്മദ് യൂനുസിന്റെ പേര് മാത്രമാണ്.
ഷെയ്ഖ് ഹസീനയുടെ ശക്തനായ വിമർശകനായിരുന്നു യൂനുസ്. സാമ്പത്തികപ്രതിസന്ധിയും പട്ടിണിയും വ്യാപകമായ രാജ്യത്തെ നയിക്കാൻ മികച്ച സാമ്പത്തികവിദഗ്ധൻ വേണമെന്നും യുനുസല്ലാതെ മറ്റൊരാളില്ലെന്നുമായിരുന്നു പ്രക്ഷോഭകരുടെ നിലപാട്. യൂനുസ് 1983 ൽ സ്ഥാപിച്ച ഗ്രാമീൺ ബാങ്ക് ലോക ശ്രദ്ധനേടി. പാവങ്ങൾക്ക് ചെറുകിട വായ്പനൽകി സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചതും മൈക്രോഫിനാൻസിങ് ജനകീയമാക്കി രാജ്യത്തെ ദാരിദ്ര്യം കുറച്ചതും ഗ്രാമീൺബാങ്കാണ്.
സർക്കാരിന്റെ വിമർശകനായി മാറിയതോടെ ഷെയ്ഖ് ഹസീന വേട്ടയാടി. രാഷ്ട്രീയപാർട്ടിയുമായി യൂനുസ് എത്തുമെന്നും തനിക്കു ഭീഷണിയാകുമെന്നും ഹസീന കരുതി. 2011 ൽ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടു. നൊബേൽ സമ്മാനമായി ലഭിച്ച തുകയും പുസ്തകത്തിന്റെ റോയൽറ്റിയും സ്വീകരിച്ചതിന് സർക്കാർ അനുമതിയില്ലാതെ ഫണ്ട് സ്വീകരിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ടു. ഷെയ്ഖ് ഹസീനയുടെ പതനത്തെ രണ്ടാം വിമോചന ദിവസമെന്നാണ് യൂനുസ് വിശേഷിപ്പിച്ചത്.