പട്ന: ബിഹാറിലെ അരാരിയ ജില്ലയിൽ റോഡില്ലാതെ പാടത്തിന് നടുവിൽ പാലം നിർമിച്ച് ഭരണകൂടം. മൂന്ന് കോടി രൂപ ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗ്രാമീൺ സഡക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിച്ചത്.
മൂന്ന് കിലോമീറ്റർ നീളമുള്ള റോഡ്-പാലം പദ്ധതിയുടെ ഭാഗമായാണ് നിർമാണം. പ്രമാനന്ദപൂർ ഗ്രാമത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. എന്നാൽ, പാലത്തിലേക്ക് എത്താൻ റോഡില്ലെന്നതാണ് കൗതുകകരമായ കാര്യം. പ്രദേശത്ത് സജീവമല്ലാത്ത ഒരു നദിയുണ്ടെന്നും മഴക്കാലത്ത് മാത്രം അതിൽ വെള്ളമുണ്ടാകുമെന്നും ഗ്രാമീണർ പറഞ്ഞു. വർഷകാലത്ത് നദിയിലെ വെള്ളം ഗ്രാമീണർക്ക് പ്രശ്നമാകാറുണ്ട്. ഇത് മുന്നിൽകണ്ടാണ് പാലം നിർമാണം.
പാലം നിർമിക്കാനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തുവെങ്കിലും ഇരുവശത്തേക്കുള്ള റോഡിന്റെ നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുത്തിരുന്നില്ല. എന്നാൽ, പാലം നിർമാണവുമായി സർക്കാർ മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ ഇരുവശത്തും റോഡില്ലാതെ പാടത്തിന് നടുവിൽ പാലം മാത്രമായി.
സംഭവം വിവാദമായതോടെ പ്രതികരണവുമായി അരാരിയ ജില്ല മജിസ്ട്രേറ്റ് രംഗത്തെത്തി. വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എൻജിനീയറിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. സബ് ഡിവിഷണൽ ഓഫീസർ, സർക്കിൾ ഓഫീസർ തുടങ്ങിയവരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.