ന്യൂഡൽഹി: കേന്ദ്ര വഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും അധികാരങ്ങൾ കുറച്ചുകൊണ്ട് സർക്കാരിന്റെ നിയന്ത്രണം ശക്തമാക്കുന്ന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. വഖഫ് സ്വത്താണെന്ന് സംശയിക്കുന്നവയിൽ സർവേ നടത്താനുള്ള അധികാരം കളക്ടർക്ക് നൽകുകയും ബോർഡുകളിൽ മുസ്ലിം ഇതരരെയും സ്ത്രീകളെയും ഉൾപ്പെടുത്തുന്നതുൾപ്പെടെ 44 ഭേദഗതികളടങ്ങുന്ന ബിൽ ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് അവതരിപ്പിക്കുക. ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.
‘ഞങ്ങൾ ഈ ബില്ലിനെ എതിർക്കാൻ പോകുന്നു. ഇന്ന് ഇത് ലോക്സഭയിൽ അവതരിപ്പിക്കും, എന്നാൽ ഇന്നലെ ഉപദേശക സമിതി യോഗത്തിൽ, ഈ ബിൽ സ്വീകാര്യമല്ലെന്ന് ഞങ്ങൾ വ്യക്തമായി പറഞ്ഞു. ഒരു മുസ്ലീം സംഘടനയുടെയും അഭ്യർത്ഥന കൂടാതെയാണ് ഈ ബിൽ അവതരിപ്പിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണ്. ഈ ബില്ലിനെ ഞങ്ങൾ എതിർക്കുമെന്ന് സ്പീക്കറുടെ അധ്യക്ഷതയിൽ ഇന്നലെതന്നെ പറഞ്ഞിട്ടുണ്ട്. ഇത് ന്യൂനപക്ഷകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’, ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ബില്ലിനെ എതിർക്കുമെന്ന് സമാജ് വാദി പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും അറിയിച്ചു.
ബില്ലിൽ കേന്ദ്ര സർക്കാർ വരുത്തുന്ന പ്രധാന ഭേദഗതികൾ…
ഒരു വസ്തുവിനെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് അധികാരംനൽകുന്ന നിയമത്തിലെ 40-ാം വകുപ്പ് ഒഴിവാക്കി
അഞ്ചുവർഷമെങ്കിലും ഇസ്ലാം വിശ്വാസിയായിരിക്കുന്ന വ്യക്തി നൽകുന്നതേ ഇനി വഖഫ് സ്വത്താകൂ. നിലവിൽ മുസ്ലിം ഇതരർക്കും വഖഫ് നൽകാം
രേഖാമൂലമുള്ള കരാർ (ഡീഡ്) വഴി മാത്രമേ വഖഫ് ഉണ്ടാക്കാനാകൂ. നിലവിൽ ഡീഡ് വഴിയോ വാക്കാലോ ദീർഘകാലമായുള്ള ഉപയോഗത്തിലൂടെയോ വഖഫ് ആകുമായിരുന്നു
വഖഫ് സ്വത്താണോ എന്ന് പരിശോധിക്കാനുള്ള അധികാരം സർവേ കമ്മിഷണറിൽനിന്ന് ജില്ലാ കളക്ടറിലേക്ക് മാറ്റി
വഖഫ് ബോർഡിന്റെയും ട്രിബ്യൂണലിന്റെയും തീരുമാനങ്ങൾ ഹൈക്കോടതിയിൽ ചോദ്യംചെയ്യാം
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും മുസ്ലിം ഇതര വിഭാഗക്കാരെയും മുസ്ലിം വനിതകളെയും ഉൾപ്പെടുത്തും
വഖഫ് നിയമത്തിന്റെ പേര് ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണ, കാര്യക്ഷമതാ, വികസന നിയമം എന്നാകും
മക്കളുടെപേരിൽ സ്വത്തുക്കൾ വഖഫാക്കുമ്പോൾ (വഖഫ്-അലൽ-ഔലാദ്) സ്ത്രീകൾ ഉൾപ്പെടെ ആരുടെയും പിന്തുടർച്ചാവകാശം ഇല്ലാതാവില്ല
സർക്കാർ വസ്തുവകകൾ ഇനി വഖഫ് സ്വത്താവില്ല
ബോറ, അഘാഖനി വിഭാഗങ്ങൾക്ക് പ്രത്യേക വഖഫ് ബോർഡുകൾ
ബോർഡിന്റെ സി.ഇ.ഒ. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി
വഖഫ് രജിസ്ട്രേഷൻ പോർട്ടൽ വഴി, മുഴുവൻ വിവരങ്ങളും പോർട്ടലിൽ ഫയൽ ചെയ്യണം