പാലക്കാട്: ഉത്തരകന്നഡയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയിൽപ്പെട്ട ലോറി കണ്ടെത്താൻ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം. റിട്ട. മേജർ. ജനറൽ ഇന്ദ്രബാലന്റെയും സംഘത്തിന്റെയും സഹായമാണ് തേടിയത്. കരയിലും വെള്ളത്തിലും ഒരുപോലെ 20 മീറ്ററിലും താഴെയുള്ള ഏത് വസ്തുവും കണ്ടെത്താനാവുന്ന സാങ്കേതികവിദ്യയാണ് ഷിരൂർ രക്ഷാപ്രവർത്തനത്തിന് എത്തിക്കുന്നത്. ദൗത്യസംഘത്തിനൊപ്പം ഉടൻ ചേരുമെന്ന് റിട്ട. മേജർ. ജനറൽ ഇന്ദ്രബാൽ മാതൃഭൂമിയോട് പറഞ്ഞു.
‘ഷിരൂരിൽ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണ്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഡ്രോൺ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. ഡ്രോൺ ഘടിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യയാണ് തങ്ങളുടെ പക്കലുള്ളത്. ഇത് ഉപയോഗിച്ച് സ്കാൻ ചെയ്ത് കുറച്ചുകൂടി വേഗത്തിൽ ലോറി കണ്ടുപിടിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് ‘ – അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രക്ഷാപ്രവർത്തനം എട്ടാം ദിവസം പിന്നിടുമ്പോഴും അർജുനെ കണ്ടെത്താനായില്ല. മഴ കനത്തതോടെ ചൊവ്വാഴ്ചത്തെ തിരച്ചിലും അവസാനിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് പുഴയിലെ നീരൊഴുക്ക് വർധിച്ചതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. ബുധനാഴ്ച കൂടുതൽ യന്ത്രങ്ങളെത്തിച്ച് തിരച്ചിൽ നടത്തുമെന്ന് കർണാടക എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കി.
Note:
ഈ വാർത്ത മനോരമ ഓൺലൈൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. തലക്കെട്ടല്ലാതെ മറ്റൊരു മാറ്റവും ഞങ്ങൾ വരുത്തിയിട്ടില്ല.