ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഇന്ന് ബിഎസ്എൻഎല്ലിന് സാധ്യമല്ലാത്ത ചില കാര്യങ്ങളുണ്ട്. എന്നാൽ അതേപോലെ തന്നെ ബിഎസ്എൻഎല്ലിന് മാത്രം സാധ്യമാകുന്ന ചില കാര്യങ്ങളും ഉണ്ട്. ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട് എന്ന് പറയും പോലെ ബിഎസ്എൻഎല്ലിന് ഗുണവും ദോഷവും ഉണ്ട് എന്ന് സാരം. ജിയോ അല്ലെങ്കിൽ എയർടെൽ എന്നീ കമ്പനികളിലൂടെ 5ജി സേവനങ്ങൾ നമ്മുടെ നാടിന്റെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ പോലും ചുരുക്കം സ്ഥലങ്ങളിലേ ലഭ്യമാകൂ. അപ്പോൾപ്പിന്നെ ബിഎസ്എൻഎൽ 5ജിയുടെ കാര്യം പറയുകയേ വേണ്ട! ഇത് ബിഎസ്എൻഎല്ലിന്റെ ഒരു മോശം വശമാണ്.
ഇനി ബിഎസ്എൻഎല്ലിന്റെ നല്ല വശം എന്താണ് എന്ന് ചോദിച്ചാൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിധത്തിൽ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതും ലാഭം മാത്രം ലക്ഷ്യമിട്ട് ടവറുകൾ സ്ഥാപിക്കാതെ രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിലും ടെലിക്കോം കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നു എന്നതും ബിഎസ്എൻഎല്ലിന്റെ വലിയ സംഭാവനയാണ്
ഇന്ത്യയിലെ സ്വകാര്യ കമ്പനികളെല്ലാം നിരക്കുകൂട്ടിയപ്പോൾ നിരക്ക് വർധിപ്പിക്കാതെ നിലവിലെ പ്ലാനുകളുമായി മുന്നോട്ട് പോകുന്നത് ബിഎസ്എൻഎൽ മാത്രമാണ്. ഒരു സിം റീച്ചാർജ് ചെയ്ത് വാലിഡിറ്റി നിലനിർത്തണമെങ്കിൽ തന്നെ ഇപ്പോൾ നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. അപ്പോൾ ഒന്നിലധിം സിം കാർഡ് ഉള്ളവരുടെ കാര്യം കൂടുതൽ കഷ്ടമാകും എന്ന് പ്രത്യേകം പറണ്ടേതില്ല.
റീച്ചാർജ് വാലിഡിറ്റി തീർന്ന് നിശ്ചിത കാലയളവിനുള്ളിൽ റീച്ചാർജ് ചെയ്യാതെയും ഉപയോഗിക്കാതെയുമിരുന്നാൽ സിം കാർഡ് കട്ടാകുകയും ആ നമ്പർ ഭാവിയിൽ മറ്റാരെങ്കിലും സ്വന്തമാക്കുകയും ചെയ്യും. ഇങ്ങനെ സ്വന്തം മൊബൈൽ നമ്പർ നഷ്ടപ്പെടുത്താൻ താൽപര്യമില്ലാത്തവർ റീച്ചാർജ് ചെയ്തേ മതിയാകൂ, അതിന് നല്ലൊരു തുക കണ്ടെത്തേണ്ടിവരുന്നു.
എന്നാൽ ബിഎസ്എൻഎൽ സിം കാർഡ് ഉള്ളവർക്ക് വാലിഡിറ്റിയെപ്പറ്റി ഒട്ടും ആശങ്കപ്പെടേണ്ടതില്ല. രാജ്യത്തെ മറ്റൊരു കമ്പനിയും നൽകാത്ത വിധത്തിൽ വിലക്കുറവിൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. അത്തരം ഒരു പ്ലാനാണ് 91 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ. രണ്ട് മാസത്തെ വാലിഡിറ്റിയാണ് ഈ നിസാര തുകയ്ക്ക് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.
91 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ഇത് പ്രധാനമായും വാലിഡിറ്റി ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. 60 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭിക്കും. കോളുകൾ മിനിറ്റിന് 15പൈസ നിരക്കിലും ഡാറ്റ ഒരു എംബിക്ക് 1പൈസ നിരക്കിലും എസ്എംഎസ് ഒരെണ്ണത്തിന് 25പൈസ നിരക്കിലും ഈടാക്കും.
ഇക്കാലത്ത് ഇങ്ങനെയൊരു റീച്ചാർജ് ഓപ്ഷൻ മറ്റ് കമ്പനികളുടെ പ്ലാൻ പട്ടികയിൽ കണികാണാൻ ഉണ്ടാകില്ല. ഡാറ്റ, വാലിഡിറ്റി, കോളിങ് ആവശ്യങ്ങൾ ഉള്ളവർ ഇപ്പോൾ ഇത്തരം റീച്ചാർജ് ഓപ്ഷനുകൾ ആരും ഉപയോഗിക്കാറില്ലായിരിക്കാം. എന്നാൽ ഒരാളെങ്കിൽ ഒരാൾക്ക് ഈ പ്ലാൻ കൊണ്ട് ഗുണം ഉണ്ടാകുന്നുണ്ട് എങ്കിൽ അവർക്കായി ബിഎസ്എൻഎൽ ഇങ്ങനെയൊരു പ്ലാൻ നിലനിർത്തിയിരിക്കുന്നു- ഈ പരിഗണന വലിയ കാര്യമാണ് എന്ന നിലയ്ക്കും ഈ പ്ലാനിനെ നോക്കിക്കാണാനാകും.
വാലിഡിറ്റി വേണ്ട ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾക്ക് ബിഎസ്എൻഎല്ലിൽ ഒരു പഞ്ഞവുമില്ല. 107 രൂപയുടെ പ്ലാൻ 35 ദിവസ വാലിഡിറ്റിയിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വാർഷിക പ്ലാനുകളുടെ കാര്യമെടുത്താൽ 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 395 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റയടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നു. അങ്ങനെ ഏത് നിലയ്ക്ക് നോക്കിയാലും ബിഎസ്എൻഎൽ തന്നെയാണ് ലാഭം.