തിരുവനന്തപുരം: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിലാകും സിദ്ദിഖ് ഹാജരാവുക. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് കാണിച്ച് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണ സംഘം സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് സിദ്ദിഖിന് നോട്ടീസ് നൽകിയത്. ജാമ്യത്തിലായതിനാൽ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.
ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലിസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നൽകിയത്. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം. ഇതുവഴി ജാമ്യം നീട്ടാനും സിദ്ദിഖിന് കഴിയുമായിരുന്നു.