ഹരിയാന കോൺഗ്രസ്‌ പിടിച്ചെടുക്കും; കാശ്മീരിൽ മുന്നേറ്റം, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ പ്രവചനം. മെട്രിസ്, ടൈംസ് നൗ,റിപ്പബ്ലിക് ടിവി തുടങ്ങിയവയെല്ലാം കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

90 മണ്ഡലങ്ങളുള്ള ഹരിയാനയിൽ 55 മുതൽ 62 വരെ സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് മെട്രിസിന്റെ പ്രവചനം. ബിജെപി 18 മുതൽ 24 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും ഐഎൻഎൽഡി മൂന്ന് മുതൽ ആറ് വരെ സീറ്റ് നേടുമെന്നും അവർ പ്രവചിക്കുന്നു. കഴിഞ്ഞ തവണ പത്ത് സീറ്റ് വരെ നേടിയ ജെജെപി മൂന്ന് സീറ്റിൽ ഒതുങ്ങുമെന്നാണ് മെട്രിസ് പ്രവചിക്കുന്നത്.അതേസമയം, മറ്റുള്ളവർ 2 മുതൽ 5 വരെ സീറ്റുകൾ നേടും.

ടൈംസ് നൗ സർവെയും ഹരിയാനയിൽ കോൺഗ്രസിന് 55 മുതൽ 65 വരെയുള്ള സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ സർവെയും കോൺഗ്രസിന് അനുകൂലമാണ്. 55 മുതൽ 62 വരെയുള്ള സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 18 മുതൽ 24 വരെയുള്ള സീറ്റുകളിലൊതുങ്ങും. മറ്റുള്ളവർ 5 മുതൽ 14 വരെ സീറ്റ് നേടുമെന്നാണ് വിലയിരുത്തൽ. ന്യൂസ് 18 സർവെയിലും കോൺഗ്രസിനാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. കോൺഗ്രസ് 59 സീറ്റുകളിൽ ജയിക്കുമ്പോൾ ബിജെപി 21 ൽ ഒതുങ്ങും. മറ്റുള്ളവർ 2 സീറ്റുകൾ നേടും. ന്യൂസ് 24 ചാണക്യ കോൺഗ്രസിന് 44 മുതൽ 54 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 19 മുതൽ 29 ഉം മറ്റുള്ളവർ 4 മുതൽ 9 വരെ സീറ്റും നേടുമെന്നും അവർ പ്രവചിക്കുന്നു.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ ജമ്മു കാശ്മീരിൽ ബിജെപിക്ക് 27 മുതൽ 31 സീറ്റുകൾ. കോൺഗ്രസ് സഖ്യത്തിന് സഖ്യത്തിന് 11 മുതൽ 15 സീറ്റ്. പിഡിപിക്ക് 0 മുതൽ രണ്ട് സീറ്റെന്നുമാണ് പ്രവചനം.

റിപ്പബ്ലിക് ടിവി സർവേ പ്രകാരം ജമ്മുകാശ്മീരിൽ ബിജെപി 28-30, കോൺഗ്രസ് മൂന്നു മുതൽ ആറുവരെയും നാഷണൽ കോൺഫറൻസ് 28 -30, പിഡിപി അഞ്ചു മുതൽ ഏഴുവരെ സീറ്റ് നേടും എന്നാണ് പ്രവചനം. പീപ്പിൾസ് പൾസ് സർവേ പ്രകാരം കോൺഗ്രസ് സഖ്യം 46-50 ബിജെപി 23-27 പിഡിപി 7-11 സീറ്റ് നേടും എന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *