ഹൈഡ്രജന്‍ ട്രെയിന്‍; ലോകത്തെ അഞ്ചാമത്തെ രാജ്യമാകാൻ ഇന്ത്യ, ആദ്യത്തെ ട്രയല്‍റണ്‍ രണ്ടുമാസത്തിനകം

ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും

ന്യൂഡല്‍ഹി: ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും. നിലവിലുള്ള ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ കൂടി ഘടിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ടിന് ഇന്ത്യന്‍ റെയില്‍വേ അനുമതി നല്‍കി.

ഹൈഡ്രജന്‍ ഇന്ധനമായുള്ള ട്രെയിനിന്റെ ആദ്യ മാതൃക 2024 ഡിസംബറോടെ നോര്‍ത്തേണ്‍ റെയില്‍വേ സോണിന് കീഴില്‍ ഹരിയാനയിലെ ജിന്ദ്-സോനിപത് സെക്ഷനില്‍ ഓടിത്തുടങ്ങും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രോട്ടോടൈപ്പ് ട്രെയിനിന്റെ സംയോജനം നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു . റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ പരിസ്ഥിതി സൗഹൃദ റെയില്‍വേ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
പരീക്ഷണങ്ങള്‍ക്ക് ശേഷം, ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ് സംരംഭത്തിന് കീഴില്‍ റെയില്‍വേ 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ അവതരിപ്പിക്കും. ഓരോ ട്രെയിനിനും 80 കോടി രൂപയും വിവിധ പൈതൃക, മലയോര റൂട്ടുകളിലുടനീളം അടിസ്ഥാന സൗകര്യ വികസനത്തിന് 70 കോടി രൂപയും ചെലവഴിക്കും.ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, കല്‍ക്ക-ഷിംല റെയില്‍വേ, കാന്‍ഗ്ര വാലി, നീലഗിരി മൗണ്ടന്‍ റെയില്‍വേ തുടങ്ങിയവ ഹൈഡ്രജന്‍ ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പൈതൃക പാതകളില്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഈ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവ പ്രവര്‍ത്തനക്ഷമമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ഇന്ത്യ തേടുന്നത്. തുടക്കത്തില്‍ എട്ട് പൈതൃക റൂട്ടുകളിലായി ആറ് കാറുകള്‍ വീതമുള്ള 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി.

NB: ഈ വാർത്ത പൂർണ്ണമായും സമകാലിക മലയാളത്തിന്റെതാണ്. തലക്കെട്ടല്ലാതെ വേറെ യാതൊരു മാറ്റവും ഞങ്ങൾ വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *