കൊച്ചി: നടൻ ജോജു ജോർജ്ജ് നായകനാകുന്ന ‘പണി’ എന്ന പുതിയ ചിത്രത്തിൻറെ റിലീസ് ഡേറ്റ് പുറത്ത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 24 ന് തിയേറ്ററുകളിലേക്കെത്തും. ജോജു ജോർജ്ജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്നു എന്നതാണ് പണിയുടെ പ്രത്യേകത. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയ ആണ് ചിത്രത്തിൽ നായിക എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിൻറെ നായികയായി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. അറുപതോളം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയ വൻ നിരയും വേഷമിടുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര ടെക്നീഷ്യൻമാരാണ് ചിത്രത്തിൻറെ അണിയറയിൽ പ്രവർത്തിക്കുന്നത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിലാണ് എത്തുന്നത്. ജോജുവിൻറെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിനൊപ്പം എ.ഡി സ്റ്റുഡിയോസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിൻറോ ജോർജ്. എഡിറ്റർ: മനു ആൻറണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്സ്.