വർഷങ്ങളായി ഇസ്രായേൽ ഫലസ്തീൻ ജനതയ്ക്ക് മുകളിൽ നരനായാട്ട് നടത്തിവരുന്നു. വിമോചനത്തിനായി ഹമാസിന്റെ നേതൃത്വത്തിൽ പോരാട്ടങ്ങൾ നടന്നുവരികയായിരുന്നു. പക്ഷെ അപ്പോഴും നിലക്കാത്ത ക്രൂരതകൾക്ക് ഇസ്രേയിലിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ‘തൂഫാനുൽ അഖ്സ’ എന്ന് പേരിട്ട മിന്നലാക്രമണം. ഇസ്രയേലിന്റെ അഹന്തതയ്ക്ക് മുകളിൽ നൂറുകണക്കിന് മിസൈലുകൾ വന്നുവീണപ്പോൾ ലോകം മുഴുവൻ ഞെട്ടി. ഇതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ഇസ്രായേൽ കഴിഞ്ഞ ഒരു വർഷമായി ദിവസവും നൂറുകണക്കിന് നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തികൊണ്ടിരിക്കുന്നു. ഗസ്സയിലും വെസ്റ്റ്ബാങ്കിലും റഫയിലും നടത്തിയ ആക്രമണം ഒടുവിൽ ലബനാനിലും എത്തിയിരിക്കുന്നു. അനീതികൾ ഏറെ നടന്നിട്ടും കയ്യുംകെട്ടി നോക്കി നിൽക്കുകയാണ് ലോകം. അമേരിക്കയെ പോലുള്ള രാജ്യങ്ങൾ യുദ്ധക്കൊതിയ്ക്ക് കൂട്ടുനിൽക്കുന്നു.
ആക്രമണങ്ങൾ ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുമ്പോൾ മരിച്ച ഫലസ്തീനികളുടെ എണ്ണം 41,870 ആണ്. 97,166 പേർക്ക് പരുക്കേറ്റു. വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ, വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങി ഒരു മനുഷ്യന്, ഒരു നാടിന് ആവശ്യമായതെല്ലാം തച്ചുതകർപ്പണമാക്കി. സ്വന്തം രാജ്യത്ത് അഭയാർഥികളായ ഫലസ്തീനി സമൂഹം ഇസ്റാഈൽ കൂട്ടക്കുരുതി ഭയന്ന് വീണ്ടും മറ്റൊരിടത്തേക്ക് പലായനം ചെയ്യുന്നു. ബാക്കിയുള്ളവർ വെള്ളവും വെളിച്ചവും ഭക്ഷണവും മരുന്നും പാർപ്പിടവുമില്ലാതെ സൂര്യനും തണുപ്പിനും കീഴിൽ തുറന്ന പ്രദേശങ്ങളിൽ ടെന്റ് കെട്ടി ജീവിക്കുന്നു. മരണം എപ്പോൾ എത്തുമെന്നറിയാതെ കഴിയുന്ന ആയിരക്കണക്കിന് മനുഷ്യർ. ഇത്രയും നിസ്സഹായതയിൽ കഴിയുമ്പോഴും അവരിലെ പ്രതീക്ഷയും ഉൾക്കരുത്തും അനുകരണീയമാണ്.
ഒക്ടോബർ ഏഴ്
ഇസ്രയേലി ചാരസംഘടനയായ മൊസാദിനും ഇസ്രയേലി ഡിഫൻസ് ഫോഴ്സിനും കൊട്ടിഘോഷിച്ച അയേൺ ഡോമിനും മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ആ ആക്രമണത്തിന് ഓപ്പറേഷനെ അൽ-അഖ്സ ഫ്ലഡ് എന്നാണ് ഹമാസ് വിളിച്ചത്. നൂറുകണക്കിന് മിസൈലുകൾ ഇസ്രയേലിന്റെ തലയ്ക്ക് മുകളിൽ വീണു. അതിർത്തികടന്നെത്തിയ ഹമാസ് പോരാളികൾ ഇസ്രേയേൽ ആർമിയുടെ സൈനികരെ തട്ടിയെടുത്തു. തെക്കൻ ഇസ്രഈലിലെ അതിർത്തികളിലൂടെ ഇസ്രഈലിലേക്ക് പ്രവേശിച്ച ഹമാസ് സൈനികർ ഏകദേശം 1,200 ഓളം ഇസ്രഈലി പൗരന്മാരെ വധിക്കുകയും 250 ഓളം ആളുകളെ ബന്ധികളാക്കുകയും ചെയ്തു.
ആക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് മാറിയ ഇസ്രായേൽ രാവിലെ 10.47-ഓടെ ഓപ്പറേഷൻ അയൺ സോഡ്സ് എന്ന പേരിൽ പ്രത്യാക്രമണം നടത്തി. ഇസ്രയേൽ യുദ്ധം ആരംഭിച്ചു കഴിഞ്ഞുവെന്ന് 11.35-ഓടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ ലോകത്തെ അറിയിച്ചു. പന്ത്രണ്ടരയോടെ അമേരിക്ക ഇസ്രയേലിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.
കണ്ണടച്ച് ലോകം
ഇസ്രായേൽ ഹമാസിനെതിരായ പോരാട്ടം എന്ന പേരിൽ ഫലസ്തീൻ മണ്ണിൽ വംശഹത്യ നടത്തുമ്പോൾ, നിരപരാധികളെ കൊന്ന് കൊലവിളിക്കുമ്പോൾ ലോകത്തിലെ ഭരണാധികാരികൾ നിശ്ശബ്ദതയിലാണ്. ലോകത്തെ ഏറ്റവും നിസ്സഹായരായ ജനതയ്ക്കെതിരായ ക്രൂരകൃത്യത്തിൽ ഇസ്റാഈൽ തനിച്ചല്ല. അമേരിക്കയും യു.കെയും ഫ്രാൻസും മറ്റു പാശ്ചാത്യരാജ്യങ്ങളും ആയുധങ്ങളും മറ്റു സഹായങ്ങളും നൽകി ഒപ്പമുണ്ട്. വെടിനിർത്തലിന് തയാറാകണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യവും അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും വെറുതെയായി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുറ്റകരമായ മൗനം തുടരുകയാണ്.
ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഇസ്രഈൽ ഗസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് വാദിച്ചിരുന്നു. ഇതിനെത്തുടർന്ന് അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രഈൽ നടത്തുന്ന അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജൂലൈ 19ന് അന്താരാഷ്ട്ര നീതി ന്യായ കോടതി വിധിച്ചിരുന്നു. കൂടാതെ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഐ.സി.ജെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ ഒന്നിലും ഫലമുണ്ടായില്ല. യുദ്ധം തുടർന്നുകൊണ്ടേയിരിക്കുന്നു.
ഒരു വർഷം, ഇനി എന്ത്
ഫലസ്തീൻ ഭൂമിയെ ചോരക്കളമാക്കിയ ഒരാണ്ട് കടന്നുപോവുകയാണ്. പക്ഷെ ഇസ്രയേലിന്റെ രക്തക്കൊതി തീർന്നിട്ടില്ല. ഓരോ ദിവസവും ആക്രണം തുടരുകയാണ്. ഇപ്പോഴാകട്ടെ, ഫലസ്തീനെ പിന്തുണച്ച രാജ്യങ്ങളെ കൂടി ആക്രമിക്കുയാണ് ഇസ്രായേൽ. ലെബനാനിലേക്ക് കരമാര്ഗം യുദ്ധം നടത്തുന്ന സയണിസ്റ്റ് സേന ഇതുവരെ ഇവിടെ രണ്ടായിരത്തിലേറെ പേരെ കൊന്നൊടുക്കി. യെമനിലേക്കും സിറിയയിലേക്കും ആക്രണം നടത്തിയ ഇസ്രായേൽ ഒടുവിൽ ഇറാനിലേക്കും മിസൈൽ അയച്ചു.
കൂടുതൽ മരിച്ചുവീണതിന്റെയും നഷ്ടങ്ങൾ ഉണ്ടായതിന്റെയും കണക്കെടുക്കുമ്പോൾ ഈ യുദ്ധത്തിലെ വിജയി ഇസ്രേയേൽ ആണെന്ന് പറയാം. പക്ഷെ ഇതൊരു വിമോചന പോരാട്ടമാകുമ്പോൾ അവസ്ഥ അതല്ല. എത്രയൊക്കെ ആക്രമിക്കപ്പെട്ടാലും അവസാനത്തെ വ്യക്തി വരെ തങ്ങളുടെ സ്വാതന്ത്ര്യത്തിനും മണ്ണിനും വേണ്ടി പോരാടും എന്നിടത്താണ് വിജയം ഇരിക്കുന്നത്. മരണം ഒന്നിന്റെയും അവസാനമല്ല എന്ന് കരുതുന്ന ഒരു ജനതയുടെ വിശ്വാസത്തെ, ദൃഢനിശ്ചയത്തെ തകർക്കാൻ ആകാത്ത കാലത്തോളം ഫലസ്തീൻ എന്നും വിജയികളാണ്